
സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും കൂട്ടാളികളായ നാലുപേരും അറസ്റ്റിലായത്. കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലും കൂട്ടാളികളുമാണ് പിടിയിലായത്. എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെയുടെ മരുമകൾ വൈഷ്ണവി(26)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് താമസസൗകര്യം ഒരുക്കിക്കൊടുത്തതിനാണു പ്രിതം പാട്ടീലിനെ അറസ്റ്റ് ചെയ്തത്. കൊങ്കോളി ടോൾ പ്ലാസയ്ക്കടുത്തു റിസോർട്ടിലായിരുന്നു പ്രീതം പാട്ടീൽ ഇരുവർക്കും ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയത്. രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 16നാണു പുണെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നു യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. അവർ നൽകിയ പരാതിയിൽ വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത ഹഗാവാനെ, ഭർതൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.











